തിരുവനന്തപുരം:സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം സന്ദീപ് നായര്‍ ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല.കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് കാര്‍ബണ്‍ ഡോക്ടര്‍. നെടുമങ്ങാട് അടക്കം വിവിധയിടങ്ങളില്‍ വര്‍ക്ക് ഷോപ്പുകളുള്ള കാര്‍ബണ്‍ ഡോക്ടര്‍ കമ്പനിയില്‍ സ്വപ്നയ്ക്കും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനും പങ്കാളിത്തമുള്ളതായി കസ്റ്റംസ് സംശയിക്കുന്നു. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.കാര്‍ബണ്‍ ഡോക്ടര്‍ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നിര്‍വഹിച്ചത്. സ്വപ്‌നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടരുന്നു. കേരളം വിട്ടതായാണ് സംശയിക്കുന്നത്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ചൊവ്വാഴ്ച പകലുടനീളം റെയ്ഡ് നടത്തി.