Kerala, News

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം;മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

keralanews thiruvananthapuram corporation letter controversy high court notice to mayor arya rajendran

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്.മേയർ അടക്കമുള്ളവർ വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്ന് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.കത്തുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. ജോലി സ്വന്തം പാർട്ടിക്കാർക്ക് നൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. രണ്ട് വർഷത്തിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ 1000 ത്തോളം പേരെ അനധികൃതമായി നിയമിച്ചുവെന്നും ആരോപണമുണ്ട്.സിപിഎം സഖാക്കളെ തിരുകി കയറ്റാൻ പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടു കൊണ്ടുളള മേയർ ആര്യ രാജേന്ദ്രന്റെ കത്താണ് വിവാദത്തിലായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ജോലിക്കാരെ ആവശ്യമുള്ള തസ്തികകളും അപേക്ഷിക്കേണ്ട അവസാന തീയ്യതിയുമുൾപ്പെടെ മേയറുടെ ലെറ്റർപാഡിൽ തയ്യാറാക്കിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.മേയർ ആര്യാ രാജേന്ദ്രന്റെ ഒപ്പും ഇതിൽ കാണാം. പിന്നാലെ മറ്റൊരു കത്തും പുറത്തുവന്നിരുന്നു. എന്നാൽ ഇത് തയ്യാറാക്കിയത് താൻ ആണെന്ന് ഡിആർ അനിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കത്തിൽ മേയർ അറിയാതെ എങ്ങനെ ഒപ്പ് വന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

Previous ArticleNext Article