Kerala, News

നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും; ചെന്നിത്തല നല്‍കിയ തടസ്സഹര്‍ജിയും കോടതിയുടെ പരിഗണനയില്‍

keralanews thiruvananthapuram cjm court to hear assembly ruckus case today court is also considering the obstruction petition filed by chennithala

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവൻകുട്ടിയെക്കൂടാതെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിൽ പ്രതികൾ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 6 പേരും കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാൽ ഹർജി അപ്രസക്തമാകും.കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് തള്ളിയത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുളള മറയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി പറഞ്ഞിരുന്നു. പ്രതികൾക്കെതിരേ പൊതുമുതൽ നശീകരണ നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ചുളള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. 2015 മാർച്ച് 13ന് ബാർ കോഴ വിവാദത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുളള ശ്രമമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കറുടെ കസേര ഉൾപ്പെടെ എടുത്തെറിയുന്ന നേതാക്കളുടെ പ്രവർത്തിക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്.അതേസമയം കുറ്റപത്രത്തില്‍ നിന്നു ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി സമര്‍പ്പിക്കും.

അതേസമയം അന്നത്തെ സംഭവങ്ങളുടെ പേരില്‍ തനിക്ക് കുറ്റബോധമില്ലെന്നാണ് ശിവന്‍കുട്ടി വ്യക്തമാക്കി. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് കുറ്റബോധമില്ലെന്നും അപൂര്‍വം ചില ആളുകള്‍ അന്നത്തെ സംഭവം ഒഴിവാക്കേണ്ടിയിരുന്നു എന്നു പിന്നീട് പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവന്‍കുട്ടി നിലപാട് വ്യക്തമാക്കിയത്. നിയമസഭയിലെ ‘ഡെസ്‌കിന്മേല്‍ നടത്തം’ ഒഴിവാക്കാമായിരുന്നു എന്നു പിന്നീട് തോന്നിയോ എന്ന ചോദ്യത്തിന് ‘അത് അന്ന് സമര രംഗത്ത് വന്ന ഒരു രീതിയാണ്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അന്ന് അങ്ങനെ സംഭവിച്ചു പോയി’ എന്നാണ് മന്ത്രി പ്രതികരിച്ചത്.സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കേണ്ട കാര്യമില്ല. കേസും ശിക്ഷയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നുമാണ് കോടതി വിധി വന്ന ദിവസം ശിവന്‍കുട്ടി പ്രതികരിച്ചത്.

Previous ArticleNext Article