തിരുവനന്തപുരം: കേരളത്തിൽ കൊറോണ മൂന്നാം തരംഗം ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ. മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളത്തിൽ കൊറോണ കേസുകളുടെ കുതിച്ചു ചാട്ടമുണ്ടായതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.ഒരാഴ്ചയ്ക്ക് മീതെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്.കഴിഞ്ഞ ആറ് ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തയാഴ്ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകൾ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരിൽ 2 നവജാതശിശുക്കളും ഉൾപ്പെടുന്നു.പരിശോധിച്ച് കണ്ടെത്തിയ കേസുകളേക്കാൾ അറിയാതെ പോസിറ്റീവായി പോയവരെകൂടി കണക്കാക്കിയാണ് പാരമ്യഘട്ടം കടന്നെന്ന വിലയിരുത്തൽ. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ. കൂടുകയോ വലിയ തോതിൽ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നു. വൻ വ്യാപനം ഉണ്ടായ തലസ്ഥാനത്ത് പാരമ്യഘട്ടം കടന്നെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.