മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി വര്‍ധിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്.കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്. ഒരു ഷട്ടര്‍ കൂടി തുറന്നതോടെ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെ ഇടുക്കി റിസര്‍വോയറിലെത്തി. കുറഞ്ഞ ശക്തിയില്‍ വെള്ളമൊഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍. ചെറുതോണിയുടെ ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവരില്ലെന്ന് ഡാം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്താൻ തമിഴ്‌നാട് സമ്മതിച്ചത് ആശാവഹമായ കാര്യമാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.