ന്യൂഡൽഹി:ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു.ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്‌സ്‌ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിവസം നൂറോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ടത്തിലെ പരീക്ഷണം. പുനെ, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം. ഈ ഘട്ടത്തില്‍ 1,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 20 സ്ഥലങ്ങളിലുള്ള ഹോട്‌സ്‌പോട്ടുകളായ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിലെ ആശുപത്രികളാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.11-12 ആശുപത്രികളില്‍ ഐസിഎംആറുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ നടത്താനാണ് ആലോചനയെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വക്താവ് വ്യക്തമാക്കി. വൈറസ് ബാധിക്കാത്തവരാണ് ആദ്യം വാക്‌സിനേഷന്‍ എടുക്കുന്നതെന്നും രോഗം ബാധിച്ചവര്‍ കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അവ മുന്‍ഗണനാ വിഭാഗത്തില്‍ പെടാന്‍ സാധ്യതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.