മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല. ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ലാത്തതാണ് കാരണം.ഈ പദവി നല്‍ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കെ.സുധാകരന്‍ എം.പിയുടെ ചോദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും പരിഗണിക്കുന്നില്ല.’പോയിന്‍റ് ഓഫ് കോള്‍’ പദവി പരിഗണനയില്‍ ഇല്ലന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.എയര്‍പോര്‍ട്ടിന് സമീപത്ത് മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്കി.’കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയില്‍വേ ലൈന്‍ ആവശ്യമാണ്.അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്’. കെ സുധാകരന്‍ എംപി പ്രസ്താവനയില്‍ ആരോപിച്ചു.ഉത്തര മലബാറിന്‍റെ പൊതുവികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്ക്കരുതെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റൂള്‍ 377 പ്രകാരം വിഷയം പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.