Kerala, News

പത്തനംതിട്ട ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവർച്ച;നാലരക്കിലോ സ്വർണ്ണവും പതിമൂന്നു ലക്ഷം രൂപയും കവർന്നു

keralanews theft in jewellery in pathanamthitta robbed 4kg gold and 13lakh rupees

പത്തനംതിട്ട:നഗരത്തിൽ പട്ടാപ്പകൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ നിന്നും നാലരക്കിലോ സ്വർണ്ണവും പതിമൂന്നു ലക്ഷം രൂപയും കവർന്നു.മുത്താരമ്മൻ കോവിലിന്  സമീപം പ്രവർത്തിക്കുന്ന കൃഷ്ണ  ജ്വല്ലറിയിലാണ് ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കവർച്ച നടന്നത്.മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് പിടികൂടി.ഒരാഴ്ച മുൻപാണ് ഇയാൾ ജ്വല്ലറിയിൽ ജോലിക്കെത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് ഇയാൾ പൊലീസില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവര്‍ച്ച നടത്തിയത്.

ഞായറാഴ്ച അവധിയായതിനാൽ കട തുറന്നിരുന്നില്ല.ഉടമയായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് ഒരു ഇടപാടുകാരന് വേണ്ടി ജീവനക്കാരായ സന്തോഷും അക്ഷയ്‌യും ചേർന്ന് ജ്വല്ലറി തുറന്നു.കുറച്ചു സമയത്തിന് ശേഷം മറാത്തി സംസാരിക്കുന്ന നാലംഗസംഘം ജ്വല്ലറിയിലെത്തി.ലോക്കർ വെച്ചിരിക്കുന്ന  ഭാഗത്തേക്ക് പോയ സന്തോഷിനു പിന്നാലെ ഇവരും അകത്തേക്ക് കടന്നു.അക്ഷയും ഈ സമയത്ത്  ലോക്കർറൂമിലുണ്ടായിരുന്നു.അകത്തുകടന്ന സംഘം സന്തോഷിനെ മർദിച്ച ശേഷം വായിൽ തുണി തിരുകുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്തു.തുടർന്ന് ലോക്കറിലുണ്ടായിരുന്ന സ്വർണ്ണവും പണവും കയ്യിൽ കരുതിയിരുന്ന ബാഗിലാക്കി.ഈ സമയം കടയിൽ സ്വർണ്ണം വാങ്ങാനെത്തിയ ഇടപാടുകാരെ കണ്ട അക്ഷയ് ലോക്കർറൂമിൽ നിന്നും ഇറങ്ങിവരികയും ഒന്നും സംഭവിക്കാത്തമട്ടിൽ പെരുമാറുകയും അവർ ആവശ്യപ്പെട്ട സ്വർണ്ണം നൽകുകയും ചെയ്തു.ഇതിനിടയിൽ പുറത്തേക്ക് വന്ന കവർച്ചാസംഘത്തിനൊപ്പം അക്ഷയും കടയിൽ നിന്നും ഇറങ്ങി ഓട്ടോയിൽ കയറിപ്പോയി.അല്പസമയത്തിനു ശേഷം ലോക്കർ റൂമിൽ നിന്നും ചോരയൊലിപ്പിച്ച് വന്ന സന്തോഷിനെ കണ്ട് ഇടപാടുകാർ ഭയന്ന് പുറത്തേക്കോടി.ഇതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.ജ്വല്ലറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഹാർഡ്‍ഡിസ്ക്കും ഊരിയെടുത്താണ് കവർച്ചാസംഘം രക്ഷപ്പെട്ടത്.ഓട്ടോയിൽ നിന്നിറങ്ങിയ ശേഷം കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്ത് കാത്തു കിടന്ന ആഡംബര വാഹനത്തിലാണ് ഇവർ കയറിപ്പോയതെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകി.

Previous ArticleNext Article