Kerala, News

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കും;വിനോദ നികുതി ഒഴിവാക്കി;വൈദ്യുത ചാര്‍ജിലും ഇളവ്‍

keralanews theatres in the state reopen soon entertainment tax excluded relaxation in electric charge also

തിരുവനന്തപുരം:ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തീയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.2020 മാര്‍ച്ച്‌ 31നുള്ളില്‍ തീയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അന്തിമ തീരുമാനം.സംസ്ഥാനത്ത് തീയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍.എന്ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിക്കും.

Previous ArticleNext Article