തളിപ്പറമ്പ്:വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയിൽ തളിപ്പറമ്പിൽ യുദ്ധസ്മാരകം ഉയരുന്നു.തളിപ്പറമ്പ് ക്ലാസ്സിക്ക് തീയേറ്റർ റോഡിൽ എസ്‌ബിഐക്കു മുന്നിലാണ് വിക്റ്ററി ഓഫ് വാരിയേഴ്സ് എന്ന പേരിൽ നാലുജവാന്മാർ ചേർന്ന് വിജയക്കൊടി നാട്ടുന്ന ശില്പം ഒരുക്കുന്നത്.വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയിൽ ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് ഈ യുദ്ധസ്മാരകം പണി തീർക്കുന്നത്.പ്രശസ്ത ശില്പി കുഞ്ഞിമംഗലം സ്വദേശി പ്രേം ലക്ഷ്മണിനാണ് നിർമാണ ചുമതല.തളിപ്പറമ്പിൽ സ്ഥാപിക്കുന്ന ഈ യുദ്ധസ്മാരകത്തിനു ഫൌണ്ടേഷൻ ഉൾപ്പെടെ 17 അടിയോളം ഉയരം ഉണ്ടാകുമെന്നു ശില്പി പറഞ്ഞു.ഫൈബറും ലോഹവും കോൺക്രീറ്റും ചേർത്തുള്ള മിശ്രിതത്തിലാണ് ശിൽപ്പം നിർമ്മിക്കുന്നത്.താലൂക്ക് ആസ്ഥാനത്തു ഉയരുന്ന യുദ്ധ സ്മാരകത്തിന്റെ നിർമാണത്തിന് നാട്ടുകാരുടെ ഭാഗത്തു നിന്നും നിർലോഭമായ സഹകരണമാണുള്ളതെന്ന് സംഘാടകർ പറഞ്ഞു.രണ്ടു മാസത്തിനുളളിൽ സ്മാരകം നാടിനു സമർപ്പിക്കും.