Kerala, News

ദിലീപിന്റെ ജാമ്യഹർജി വിധിപറയാനായി മാറ്റി

keralanews the verdict on dileeps bail application will pronounce later

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദവും പൂർത്തിയായി.കേസ് വിധിപറയാനായി മാറ്റിവെച്ചു.ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി.ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം നൽകരുതെന്നും മുൻപത്തെ സ്ഥിതി മാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. പോലീസ് പിടിച്ചാൽ ഇത് മൂന്ന് കോടി രൂപ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതുവഴി ദിലീപിന് 65 കോടി രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ നേട്ടം എങ്ങനെയുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ല. പൾസർ സുനി തന്റെ  സഹതടവുകാരായ വിപിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.വിപിൻലാലിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.മാത്രമല്ല, കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരേ മൊഴി നൽകിയിരിക്കുന്നയാളെ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ ഡ്രൈവർ സുധീർ നിരവധി തവണ ഫോണിൽ വിളിച്ചതിന്‍റെ രേഖയാണ് പോലീസിന്‍റെ കൈവശമുള്ളത്. സുധീർ നാൽപ്പതിലേറെ തവണ ഇയാളെ വിളിച്ചുവെന്നും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.അതേസമയം നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ എവിടെ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.ഫോൺ കണ്ടെത്തിയിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.നേരത്തെ ഹൈക്കോടതി രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Previous ArticleNext Article