തിരുവനന്തപുരം:പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസിഡര്‍ അഹമ്മദ് ആൽബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിന് എത്ര ധനസഹായം നല്‍കാമെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം യുഎ ഇ 700 കോടി ധനസഹായം പ്രഖ്യാപിച്ചിരുന്നു എന്നത് വളരെയധികം വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ഒട്ടുമിക്ക വിദേശരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും.