കൊച്ചി:ഹോളിഫെയ്ത്തിന് പിന്നാലെ ഇരട്ട കെട്ടിടങ്ങളായ ആൽഫാ സെറിൻ ഫ്ലാറ്റുകളും നിലംപൊത്തി.11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.ഇനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ ടവറുകളും നിലം പതിച്ചത്. രണ്ട് ഫ്ലാറ്റുകളുടെയും പൊളിക്കല്‍ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി.നേരത്തെ, മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താന്‍ സമയം എടുത്തതിനെ തുടര്‍ന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകര്‍ന്നടിഞ്ഞത്.പിന്നാലെ 11.41ന് ആല്‍ഫാ ഫ്‌ളാറ്റിന്റെ ബേബി ടവര്‍ ആദ്യം നിലംപതിച്ചു. തൊട്ടുപിന്നാലെ വലിയ കെട്ടിടവും തകര്‍ന്ന് വീഴുകയായിരുന്നു. ആല്‍ഫ കെട്ടിടം തകര്‍ന്നപ്പോള്‍ വലിയൊരു ഭാഗം കായലിലേക്കും പതിച്ചെന്നാണ് വിവരം. എത്രമാത്രം അളവിലാണ് കായലില്‍ പതിച്ചിരിക്കുന്നത് എന്നത് ഇനിയും വ്യക്തമാവേണ്ടതുണ്ട്.സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചോയെന്ന് തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ വ്യക്തമാവും.രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായാണ് ഇത്ര ഉയരത്തിലുള്ള നഗരഹൃദയത്തിലെ ജനവാസകേന്ദ്രങ്ങള്‍ തകര്‍ന്ന് മണ്ണടിഞ്ഞത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം പുറത്തേക്ക് തെറിക്കാതെ ഉള്ളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പരിസരത്ത് വലിയ തോതിലുള്ള പൊടിപടലമാണ് നിയന്ത്രിത സ്‌ഫോടനം ഉണ്ടാക്കിയിരിക്കുന്നത്. ജനസാഗരമാണ് ഈ കാഴ്ച കാണാനായി പരിസരത്ത് എത്തിച്ചേര്‍ന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കുണ്ടന്നൂര്‍ പാലം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഗതാഗതം നിരോധിച്ചിരുന്നു.