കൊച്ചി:കൊച്ചിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടം ഭൂമിയിലേക്ക് ഇടിഞ്ഞു താണു.നിർമാണത്തിലിരിക്കുന്ന പോത്തീസിന്റെ ബഹുനില കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്.30 മീറ്റർ നീളമുള്ള പില്ലറുകൾ മറിഞ്ഞു വീണു. 15 മീറ്റർ ആഴത്തിൽ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്. രണ്ടു ജെസിബി മണ്ണിനടിയിൽപ്പെട്ടു.ഇന്നലെ രാത്രി പത്തുമണിയോട് കൂടിയാണ് അപകടം നടന്നത്.ആ സമയത്ത് ജോലിക്കാർ സ്ഥലത്തില്ലായിരുന്നു. ഇതുമൂലം വൻദുരന്തം ഒഴിവായി. സമീപത്തുകൂടി കടന്നു പോകുന്ന വലിയ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ മണ്ണിടിഞ്ഞ് പോയതാണ് അപകടകാരണം.ഇതിന് സമീപത്തുകൂടിയാണ് കൊച്ചി മെട്രോ കടന്നു പോകുന്നത്. അപകടത്തെ തുടർന്ന് പില്ലറിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി. വെള്ളിയാഴ്ച മെട്രോ സർവീസ് പാലാരിവട്ടംവരെ മാത്രമേ ഉണ്ടാവുകയുള്ളു. ജില്ലാ കലക്റ്റർ,ജില്ലാ പോലീസ് മേധാവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ജില്ലാ കലക്റ്റർ അറിയിച്ചു.കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.