തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി.സസ്പെന്‍ഷന്‍ കാലാവധി വെളളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി.ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച് മരിച്ചത്. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരാനുള്ള കാലതാമസമാണ് കുറ്റപത്രം വൈകാന്‍ കാരണം.മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.