Kerala, News

ശബരിമലയുടെ പൂർണ്ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതിക്ക്

keralanews the supervision committee appointed by the high court will take over full control of sabarimala

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂർണ്ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി ഏറ്റെടുക്കും.ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശബരിമലയില്‍ ക്രമസമാധാനപാലനത്തിനൊഴികെ പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും റദ്ദാക്കിക്കൊണ്ടും സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി റിട്ട. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്കും ഹൈക്കോടതി രൂപം നല്‍കിയത്. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരാണ് സമിതിയിലുള്ളത്.ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിഷേധവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഇതിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തടസപ്പെടുത്തരുത്. എന്നാല്‍ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാം. പമ്ബയിലെ ടോയ്ലെറ്റ് സൗകര്യം ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും ഉറപ്പാക്കണം.സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

Previous ArticleNext Article