കാസർകോഡ്:ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടാം വർഷ പിജി ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയും തൃശൂർ ആമ്പല്ലൂർ സ്വദേശിയുമായ അഖിൽ താഴത്താണ്(22) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രക്തം കൊണ്ട് വിരലടയാളം പതിച്ച കടലാസിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ചൊവ്വാഴ്ച രാവിലെ പെരിയയിലെ ക്യാമ്പസ്സിൽ കളിക്കാനെത്തിയ സഹപാഠികൾ ഹെലിപ്പാഡിൽ അഖിലിനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ഇവർ അഖിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കേന്ദ്ര സർവകലാശാലയ്ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ ഇക്കഴിഞ്ഞ ജൂൺ മാസം അഖിലിനെ സസ്പെൻഡ് ചെയ്യുകയും സെപ്റ്റംബർ ആറിന് ക്യാമ്പസ്സിൽ നിന്നും പുറത്താക്കുകയും ചെയ്തു.സെപ്റ്റംബർ പതിനെട്ടാം തീയതി പി.കരുണാകരൻ എംപിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അഖിലിനെ അടുത്ത എക്സിക്യൂട്ടീവ് കൗൺസിലിൽ തിരിച്ചെടുക്കാൻ അഭ്യർത്ഥിക്കാമെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ.ജി.ഗോപകുമാർ ഉറപ്പ് നൽകി.എന്നാൽ അതിനു ശേഷവും അഖിൽ ക്യാമ്പസ്സിൽ പ്രവേശിക്കുന്നത് തടഞ്ഞ് സർവകലാശാല അധികൃതർ ഉത്തരവിറക്കി.ഈ ഉത്തരവ് കാണിച്ച് സെക്യൂരിറ്റി ജീവനക്കാരൻ അഖിൽ ക്യാമ്പസ്സിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാമ്പസ്സിൽ പ്രതിഷേധ പ്രകടനം നടത്തി.വൈസ് ചാൻസിലർ,പ്രൊ.വൈസ് ചാൻസിലർ,അധ്യാപകർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ എന്നിവരെ പ്രതിഷേധക്കാർ രാത്രി ഏഴുമണി വരെ ക്യാമ്പസ്സിൽ തടഞ്ഞു വെച്ചു.വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു.