Kerala, News

പെരുമ്പാവൂരിൽ വിദ്യാർത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചത് മോഷണശ്രമം തടയുന്നതിനിടെ

keralanews the student killed by other state worker is in the prevension of robbery

എറണാകുളം:പെരുമ്പാവൂരിൽ വിദ്യാർത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചത് മോഷണശ്രമം തടയുന്നതിനിടെയെന്ന് പോലീസ്.വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി അന്തിനാട്ട് വീട്ടില്‍ തമ്ബിയുടെ മകള്‍ നിമിഷ (21) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പോലീസ് പിടിയിലായിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. മോഷണത്തിന് വേണ്ടിയാണ് ബിജു വീട്ടിലേക്ക് അക്രമിച്ച്‌ കയറിയത്. നിമിഷയുടെ വല്യമ്മച്ചിയുടെ മാല മോഷ്ടിക്കാനായിരുന്നു ശ്രമം. ഇത് നടക്കുകയും ചെയ്തു. മാലയുമായി ഓടുന്ന ബിജുവിനെ നിമിഷ തടഞ്ഞു. ഇതിനിടെ നിമിഷയ്ക്ക് കുത്തേറ്റു. പരിക്കുമായി വീടിന് മുന്നിലെത്തിയ യുവതി അപ്പോഴും നിലവിളിച്ചു. ഈ നിലവളി കേട്ടാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരന്‍ ഓടിയെത്തിയത്. അപ്പോഴേക്കും അക്രമകാരിയായ ബിജു യുവതിയെ വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നു. ഇത് തടയാന്‍ വലിയച്ഛന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും കുത്തേറ്റു. അയല്‍വാസികളും ഓടിയെത്തി. എന്നാല്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെ എല്ലാം കുത്തി മലര്‍ത്താനായിരുന്നു ബിജുവിന്റെ ശ്രമം.അപ്രതീക്ഷിത നീക്കത്തില്‍ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ ഏവരും പകച്ചു. അപ്പോഴേക്കും നിമിഷ രക്തം വാര്‍ന്ന് കുഴഞ്ഞു വീണു. വരാന്തയില്‍ തന്നെ മരണം സംഭവിച്ചുവെന്നാണ് നിഗമനം. ജീവൻ ഉണ്ടെന്ന പ്രതീക്ഷയിൽ നിമിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിതീകരിച്ചു.
കൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട മുര്‍ഷിതാബാദ് സ്വദേശി ബിജുമുള്ളയെ 150 മീറ്ററോളം അകലെ അളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.രോക്ഷാകൂലരായ ആള്‍ക്കുട്ടം ഇയാളെ മര്‍ദ്ദിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് എസ് ഐ യും ഒരു പൊലീസുകാരനും സ്ഥലത്തെത്തുന്നത്. ബിജുമുള്ളയെ പൊലീസിന് വിട്ടുനല്‍കില്ലന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ നിലപാട്. പരിസരവാസികളായ 150 -ലേറെപ്പേര്‍ ഈ സമയം ഇവിടെ സംഘടിച്ചിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് സംഘത്തെ ബന്ധിച്ച്‌ നിര്‍ത്തിയിരുന്ന ബിജുവിന്റെ അടുത്തേക്ക് അടുക്കാന്‍ പോലും ഇവര്‍ സമ്മതിച്ചില്ല.ജനക്കൂട്ടത്തെ സാന്ത്വനിപ്പിച്ച്‌ ബിജുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ബിജുവിനെ തടഞ്ഞുവച്ചിരുന്നവരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്താണ് എസ് ഐ യും പൊലീസുകാരനും ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്.പൊട്ടിച്ചെടുത്ത മാലയുടെ ഒരു ഭാഗം ബിജുവിന്റെ പക്കല്‍ നിന്നും പൊലീസിന് ലഭിച്ചു. ബാക്കി ഭാഗം മുറിയില്‍ നിന്നും കിട്ടി. തടിയിട്ടപറമ്പ്  പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഐ ജി വിജയ്സാക്കറെ ,റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ബിജു കുറ്റം സമ്മതിച്ചതും കൊലനടത്തിയ രീതി വിവരിച്ചതും. നിമിഷ കൊല്ലപ്പെട്ടതോടെ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ തദ്ദേശവാസികളുടെ രോഷം ശക്തമായിട്ടുണ്ട്. പ്രദേശത്തുനിന്നും ഇന്നലെ തന്നെ ഇതരസംസ്ഥാനക്കാരില്‍ ഒരു വിഭാഗം താമസംമാറ്റിയിട്ടുണ്ട്. പരിസരത്തെ അന്യസംസംസ്ഥാന തൊഴിലാളി ക്യാമ്ബുകള്‍ക്കു നേരെ ആക്രമണത്തിന് സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Previous ArticleNext Article