തിരുവനന്തപുരം:സംസ്ഥാനത്തെ തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു.തപാല്‍ ഉരുപ്പടികൾ പല ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. 5500 തപാല്‍ ഓഫീസുകള്‍, 35 റെയില്‍വെ മെയില്‍ സര്‍വീസ്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ തുടങ്ങിയവയെല്ലാം കഴിഞ്ഞ 22 മുതല്‍ തുറന്നിട്ടില്ല. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക് സേവക് പ്രേരക്മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തപാല്‍-ആര്‍എംഎസ് ജീവനക്കരുടെ സംഘടനയായ എന്‍എഫ്പിഇയാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. ഇതോടെ സര്‍ക്കാര്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡടക്കം അത്യാവശ്യമായി നല്‍കേണ്ട മുഴുവന്‍ തപാല്‍ ഉരുപ്പടികളും ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്.സ്പീഡ് പോസ്റ്റ്,പോസ്റ്റല്‍ ബാങ്കിങ്, സേവിങ്സ് പദ്ധതികള്‍, തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് തുടങ്ങിയ സംവിധാനങ്ങളും കഴിഞ്ഞ 22 മുതല്‍ അനിശ്ചിതത്വത്തിലാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന അറിയിപ്പുകള്‍, കിടപ്പിലായ രോഗികള്‍ക്കുള്ള പെന്‍ഷന്‍ തുകയെല്ലാം ഇത്രയും ദിവസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഡിഎസുമാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തുടങ്ങിയ സമരത്തിന് തപാല്‍ മേഖലയില്‍ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരുടെ പിന്തുണയുമുണ്ട്. അതേ സമയം തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്മെന്റ് ജീവനക്കാര്‍ സമരത്തിന്റെ ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്തെ തപാല്‍ വകുപ്പിന്റെ ആസ്ഥാനത്തിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.