കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.പിരിച്ചു വിട്ട നഴ്സുമാർക്ക് ഡിസംബർ 31 വരെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും.സമരം നടന്ന മൂന്നു മാസത്തെ ശമ്പളം നൽകാനും പരസ്പപരം നൽകിയ കേസുകൾ പിൻവലിക്കാനും ചർച്ചയിൽ ധാരണയായി. ശമ്പളവർദ്ധനവ്,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്.എന്നാൽ സമരത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരെയും കരാർ കാലാവധിയുടെ പേരുപറഞ്ഞ് മാനേജ്‌മെന്റ് പിരിച്ചു വിടുകയായിരുന്നു. ഇതോടെ സമരക്കാരുടെ പ്രധാന ആവശ്യം ഇവരെ തിരിച്ചെടുക്കുക എന്നുള്ളതായി. ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ചകളിലും ലേബർ ഓഫീസറുടെ സമവായ ചർച്ചയിലും ഫലം കണ്ടില്ല.പകരം പിരിഞ്ഞ് പോകുന്നവർക്ക് പ്രതിഫലം നൽകാമെന്ന നിലപാട് മാനേജ്‌മെന്റ് മുന്നോട്ടുവെച്ചു.എന്നാൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ നഴ്സുമാരും ഉറച്ചു നിന്നു.തുടർന്ന് ഒക്ടോബർ പതിനേഴു മുതൽ നഴ്സുമാർ നിരാഹാര സമരവും നടത്തിവരികയായിരുന്നു.