തിരുവനന്തപുരം: തിരുവനന്തപുരത്തെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ഡിസിപിയും തൊഴിലാളി സംഘടനാ നേതക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അറസ്റ്റിലായ കെഎസ്‌ആര്‍ടിസി ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കിയതോടെ ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി എടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് തടഞ്ഞെന്നും ഭിന്നശേഷിക്കാരനായ ജീവനക്കാരന്‍ ഉള്‍പ്പടേയുള്ളവരെ മര്‍ദ്ദിച്ചെന്നും എടിഒക്കെതിരെ പരാതിയുണ്ട്.ഈ സംഭവത്തില്‍ എടിഒ ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ആദ്യം സിറ്റിക്കുള്ളിലെ സര്‍വ്വീസുകളും പിന്നാലെ തമ്പാനൂരിൽ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. മിന്നല്‍ പണിമുടക്കില്‍ ദുരിതത്തിലായ യാത്രക്കാര്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡില്‍ കുത്തിയിരുന്ന യാത്രക്കാര്‍ മറ്റ് വാഹനങ്ങളും തടഞ്ഞു.