
ആലക്കോട്:ആലക്കോട് കോൺഗ്രസ് ഓഫീസിനു മുന്നിലെ നെഹ്‌റു പ്രതിമ തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.വെള്ളാട് ആശാൻകവല ചെമ്പുവെച്ചമൊട്ട സ്വദേശി കാക്കല്ലിൽ റോയിയെയാണ് അറസ്റ്റ് ചെയ്തത്.ഐ ഗ്രൂപ്പുകാരനായ റോയിക്ക് എ ഗ്രൂപ്പിനോടുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.ഒരാഴ്ച മുൻപ് പ്രദേശത്തു സ്ഥാപിച്ച ഐ എൻ ടി യു സിയുടെ ബോഡുകളും കോൺഗ്രസ് ഓഫീസിനു മുന്നിലെ കൊടിമരങ്ങളും നശിപ്പിച്ചത് താനാണെന്ന് ഇയാൾ വെളിപ്പെടുത്തി.റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോകും വഴിയാണ് അക്രമം നടത്തിയത്.അതേസമയം മദ്യപാനിയായ ഇയാളെക്കൊണ്ട് കോൺഗ്രസിലെ ഒരു വിഭാഗം അക്രമം നടത്തിച്ചതാണെന്ന ആരോപണവുമുണ്ട്.റോയിക്ക് മാനസിക പ്രശ്നം ഉള്ളതായും പറയപ്പെടുന്നുണ്ട്.കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.