വയനാട്:വയനാട് വഴി ബെംഗളൂരുവിലേക്കുള്ള രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പുർ മേഖലയിൽ മേല്പാലം നിർമിക്കുന്നതിന്റെ 50 ശതമാനം ചിലവ്(250 കോടി രൂപ) സംസ്ഥാന സർക്കാർ വഹിക്കും.ഇക്കാര്യം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അനുമതി നൽകി.500 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്നത്.15 മീറ്റർ വീതിവരുന്ന റോഡിൽ ഒരു കിലോമീറ്റർ നീളത്തിലുള്ള അഞ്ചു മേൽപാതകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച സബ് കമ്മിറ്റിയിൽ കേരള, കർണാടക സർക്കാരുകൾക്ക് പുറമേ ദേശീയപാത അതോറിറ്റിയും അംഗമാണ്. മേൽപാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡുകൾ ഫോറസ്റ്റ് ലാൻഡ്സ്കേപ്പായി വന്യമൃഗങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ തടസ്സമില്ലാത്ത രീതിയിൽ തയ്യാറാക്കും. ബന്ദിപ്പുർ മേഖലയിൽ മേൽപ്പാലം നിർമിക്കുന്നതിനോട് കർണാടകസർക്കാർ അനുകൂല നിലപാട് നേരത്തേ സബ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ള ചെലവ് കർണാടകം വഹിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.കടുവ സങ്കേതത്തിലെ സുപ്രധാന മേഖലയടങ്ങുന്ന അഞ്ച് കിലോമീറ്റർ വനപ്രദേശത്താണ് മേൽപ്പാലത്തിലൂടെ വാഹനഗതാഗതം അനുവദിക്കുക. ആകെ 25 കിലോമീറ്റർ ദൂരം കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നുണ്ട്. അഞ്ച് കിലോമീറ്റർ മേൽപ്പാലം വരുന്ന സ്ഥലം കഴിച്ചുള്ള 20 കിലോമീറ്റർ പ്രദേശത്ത് റോഡിൽ ആന, കടുവ തുടങ്ങിയ മൃഗങ്ങൾ എത്താതിരിക്കാൻ എട്ടടി ഉയരത്തിൽ സ്റ്റീൽ വയർകൊണ്ട് വേലി കെട്ടും. ഇതിനെല്ലാമായി 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.ഇതിൽ 50 ശതമാനം തുക ദേശീയപാതാ അതോറിറ്റി വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കിവരുന്ന 50 ശതമാനം കേരളം വഹിക്കണമെന്നായിരുന്നു സബ്‌കമ്മിറ്റിയുടെ നിർദേശം.ഇതിനാണ് വ്യാഴാഴ്ച മുഖ്യമന്ത്രി അനുമതി നൽകിയത്.ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വ്യാഴാഴ്ച സംസ്ഥാനസർക്കാർ എടുത്തത്.ഇതോടെ ദേശീയപാത 212 ഇൽ ബന്ദിപ്പൂർ-വയനാട് ദേശയീയപാർക്ക് വഴിയിലൂടെ പത്തുവർഷമായി ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാനിരോധനത്തിന് സർക്കാരിന്റെ നീക്കം പരിഹാരമാവും.