തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്നും സിബിഐ വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല.ഈ സാഹചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.അതേസമയം, കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം സമരം നടത്തിയിരുന്നു .സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് കാസര്‍കോട് പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.