Kerala, News

ഉപയോഗിച്ച വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി മുതൽ വിൽക്കുന്നയാൾ;നടപടി ക്രമങ്ങൾ ഇങ്ങനെ

keralanews the seller must change the ownership of used vehicle from now

ഉപയോഗിച്ച വാഹനം കൈമാറ്റം ചെയ്യുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ മോട്ടോർ വാഹന വകുപ്പിന് കീഴിൽ പുതിയ നടപടി ക്രമങ്ങൾ നിലവിൽ വന്നു. രജിസ്‌ട്രേഷന് വാഹന്‍ 4 സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.മെയ് മാസത്തോടെ പുതിയ സംവിധാനം സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പില്‍വരും. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കാണ്. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാള്‍ മുന്‍കൈയ്യെടുക്കണം.ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ നിലവിലുണ്ട്. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു ഇതുവരെ.

വാഹനം വില്‍ക്കുന്നയാള്‍ ഇനി മുതൽ ഓണ്‍ലൈനിലൂടെയാണ് കൈമാറ്റഫോറം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈന്‍ മുഖേന നല്‍കണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന OTP (One Time Password) കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാവുകയുള്ളൂ. ഇതിനുള്ള ഫീസും ഓണ്‍ലൈനായി അടയ്ക്കണം.പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍സി ബുക്കുമായി വില്‍ക്കുന്നയാള്‍ പിന്നീട് നേരിട്ട് ആര്‍ടി ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് ആര്‍ടി ഓഫീസ് നല്‍കുക.പിന്നീട് ഒറിജിനല്‍ ആര്‍സി ബുക്ക് ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും. ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍ടി ഓഫീസിലും ലഭ്യമാകും.ഇവിടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍സി തയ്യാറാക്കുക. വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് പുതിയ ആര്‍സി ലഭിക്കും.
Previous ArticleNext Article