കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി കൂട്ടായ്മയുടെ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും.’കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലാണ് ബൈപാസിനെതിരെ സമരം ആരംഭിക്കുക.കീഴാറ്റൂർ ഐക്യദാർഢ്യ സമരസമിതിയുടെ നേതൃത്വത്തിലാണ് വയൽ കിളികൾക്ക് പിന്തുണയറിയിച്ച് മാർച്ച് നടക്കുക. തളിപ്പറമ്പില്‍നിന്നു കീഴാറ്റൂരിലേക്കാണ് മാർച്ച്. മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.മേധാ പട്കർ ഉൾപ്പെടെയുള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.സിപിഎം കത്തിച്ച സമരപന്തൽ ബഹുജന പിന്തുണയോടെ ഇന്ന് പുനഃസ്ഥാപിക്കും.ഭൂവുടമകളുടെ സമ്മതപത്രം പ്ലക്കാർഡുകളാക്കി സിപിഎം ഇന്നലെ കീഴാറ്റൂർ വയലിൽ കൊടിനാട്ടിയിരുന്നു. ഇതേ വയലിൽ തന്നെയാണ് ഇന്ന് സമരപന്തൽ പുനഃസ്ഥാപിക്കുക. ഭൂമിയേറ്റെടുക്കലിനെ എതിർക്കുന്ന ഭൂവുടമകളുടെ പ്ലക്കാർഡുകളും വയലിൽ നാട്ടും.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടായിരത്തോളം പേർ കീഴാറ്റൂരിലേക്ക് എത്തുമെന്നാണ് വയൽക്കിളി സമരക്കൂട്ടായ്മയുടെ പ്രതീക്ഷ. വെള്ളിയാഴ്ച വൈകിയാണ് വയൽക്കിളികളുടെ സമരത്തിന് പോലീസ് അനുമതി നൽകിയത്.മുൻപ് വയൽക്കിളികളുടെ സമരപന്തൽ കത്തിച്ചതുപോലെയുള്ള പ്രകോപനങ്ങൾ ഇനി ഉണ്ടാകരുതെന്ന് സിപിഎം അണികൾക്ക് നിദേശം നൽകിയിട്ടുണ്ട്.കീഴാറ്റൂർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വയൽ കാവൽ സമര സമ്മേളത്തിൽ ജില്ലാ സെക്രെട്ടറി പി.ജയരാജനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.