ന്യൂഡൽഹി:രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ.വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്ട്രേഷനുള്ള എംടി മറൈൻ എക്സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലിൽനിന്നുള്ള സിഗ്നൽ അവസാനമായി ലഭിച്ചത്.കപ്പലിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്‍റെ മകൻ ശ്രീഉണ്ണി(25)യും ഒരു കോഴിക്കോട് സ്വദേശിയുമുണ്ട്.കപ്പൽ കാണാതായ വിഷയത്തിൽ ഇടപെട്ട കേന്ദ്ര സർക്കാർ അന്വേഷണത്തിനായി ബെനീനിലെയും നൈജീരിയയിലെയും സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയതാകാമെന്ന സംശയമാണ് നിലനിൽക്കുന്നത്.