മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ദുരന്തത്തില്‍ കാണാതായ 11 പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.സാധ്യമായ എല്ലാ രീതിയും പരീക്ഷിച്ച ശേഷമാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്താന്‍ ധാരണയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.ഓഗസ്റ്റ് ഒന്‍പതിന് തുടങ്ങിയ തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു.എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്.കണ്ടെത്താൻ കഴിയാത്തവരെ ഓഖി ദുരന്ത കാലത്ത് സ്വീകരിച്ചത് പോലെ മരിച്ചതായി കണക്കാക്കി ഉത്തരിവിറക്കാനും ധനസഹായം ഉൾപ്പടെ എല്ലാ നടപടികളും സ്വീകരിക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു.