കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കിട്ടിയത് അട്ടപ്പാടിയില്‍ കണ്ടെടുത്ത അതേ ലഘുലേഖകള്‍ തന്നെയെന്ന് പോലീസ്.മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ഡയറികുറിപ്പുകളും പെന്‍ഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പെന്‍ഡ്രൈവിലുണ്ടായിരുന്ന ലഘുലേഖ തന്നെയാണ് വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.മഞ്ചിക്കണ്ടിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ മാവോയിസ്റ്റുകള്‍ അക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു.ഏതൊക്കെ പ്രദേശങ്ങളില്‍ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍, തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ വളഞ്ഞ് അക്രമിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടണമെന്ന് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നത്.ഇതു കൂടാതെ താഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്.കാട്ടിനുള്ളില്‍ സായുധ പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകളുടെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണ് ഇവരെന്നും പൊലീസ് കരുതുന്നു.