ന്യൂഡൽഹി:ആശ,അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലം വർധിപ്പിച്ചു.കേന്ദ്രസർക്കാരാണ് പ്രതിഫലത്തിൽ വർദ്ധന വരുത്തിയത്.പരിഷ്‌ക്കരിച്ച ശമ്പളം ഒക്ടോബറിൽ നിലവിൽ വരും.ആശ,അംഗൻവാടി വർക്കർമാരുമായും മിഡ്‌വൈഫറിമാരുമായും നടത്തിയ വീഡിയോ കോൺഫെറൻസിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വർധന പ്രഖ്യാപിച്ചത്.നിലവിൽ 3000 രൂപ പ്രതിഫലം വാങ്ങുന്ന അംഗൻവാടി വർക്കർമാരുടെ പ്രതിഫലം 4500 രൂപയായും 2200 രൂപ വാങ്ങുന്നവരുടെ പ്രതിഫലം 3500 രൂപയായും വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 1500 രൂപയിൽ നിന്നും 2250 രൂപയാക്കി.അതോടൊപ്പം കോമൺ ആപ്‌ളിക്കേഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ ഉപയോഗിച്ച് ജോലി ചെയ്യുന്ന വർക്കർമാർക്കും ഹെൽപ്പർമാർക്കും 250 രൂപ മുതൽ 500 രൂപ വരെ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.ആശ വർക്കർമാരുടെ ആനുകൂല്യം ഇരട്ടിയാക്കും.ഇവർക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന,പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നിവയിൽ നാലുലക്ഷം രൂപയുടെ ഇൻഷുറന്സും ഏർപ്പെടുത്തും.