കൊച്ചി:മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തുടങ്ങി. അവശിഷ്ട്ടങ്ങൾ 45 ദിവസത്തിനകം നീക്കം ചെയ്യും.ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണ കേന്ദ്രത്തില്‍ എത്തിക്കും. ആറ് എംഎം, 12 എംഎം വലിപ്പത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റും.ഇത് തറയില്‍ വിരിക്കാവുന്ന സിമെന്റ് ബ്ലോക്കുകളോ എംസാന്‍ഡോ ആക്കാനാണ് പദ്ധതിയെന്ന് കമ്പനി പാർട്ണർ അച്യുത് ജോസഫ് പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ലാന്‍ഡ് ട്രിബ്യൂണലിന്റെയും നിര്‍ദേശമനുസരിച്ചാണ് അവശിഷ്ടം മാറ്റുന്നത്. ആദ്യം ഹോളിഫെയ്ത്ത് എച്ച്‌ടുഒയുടെ അവശിഷ്ടങ്ങളാണ് നീക്കുന്നത്. 35 ലക്ഷം രൂപ നല്‍കിയാണ് പ്രോംപ്റ്റ് കെട്ടിടാവശിഷ്ടം ഏറ്റെടുത്ത് നീക്കുന്നത്. ബുധനാഴ്ച ആദ്യ ലോഡ് കൊണ്ടുപോകും. മൊത്തം 4250 ലോഡുണ്ടാകും. ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചയങ്ങളില്‍നിന്ന് അവശിഷ്ടം നീക്കുന്നതാണ് ഏറെ ശ്രമകരം.ഈ ഭാഗത്തേക്ക് ഇടുങ്ങിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടക്കാനാകില്ല. കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നത് വായു, ശബ്ദ മലിനീകരണം കൂട്ടും. വാഹനങ്ങളുടെ എണ്ണം, കയറ്റാവുന്ന ഭാരം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് തീരുമാനിക്കും.