Kerala, News

ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് പുനർനിർമാണ പ്രക്രിയകൾ ആരംഭിച്ചു

keralanews the reconstruction process of makkoottam churam road started

ഇരിട്ടി:ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം  റോഡ് പുനർനിർമാണ പ്രക്രിയകൾ ആരംഭിച്ചു.മാക്കൂട്ടം പാലത്തിന്റെ അടിഭാഗത്തും റോഡിന്റെ വശങ്ങളിലും വന്നടിഞ്ഞ മരങ്ങളും മറ്റും ജെസിബി ഉപയോഗിച്ച് മാറ്റിത്തുടങ്ങി.ശനിയാഴ്ച്ച പ്രദേശം സന്ദർശിച്ച കുടക് ജില്ലാ കമ്മീഷണർ ശ്രീവിദ്യ മരങ്ങളും മറ്റും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.ജൂലൈ 12 വരെ തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ് കുടക് ജില്ലാ ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്.റോഡ് അടച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യാപാരികളെയും വിനോദസഞ്ചാരികളെയും ആശ്രയിച്ചു കഴിയുന്ന വീരാജ്പേട്ട, ഗോണിക്കുപ്പ,മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങൾ ആളൊഴിഞ്ഞ നിലയിലാണ്.പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.കുടകിലെ ആഴ്ചച്ചന്തകളെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് മലയാളികളും റോഡ് അടച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് കർണാടക റെവന്യൂ മന്ത്രി ആർ.വി ദേശ്‌പാണ്ഡെ സന്ദർശിച്ചു.കാലവർഷത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ച കുടക് ജില്ലയ്ക്കായി പത്തുകോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.മാക്കൂട്ടം ചുരം റോഡിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Previous ArticleNext Article