തിരുവനന്തപുരം:പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് ഇ.ശ്രീധരന്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്റെ കണ്ടെത്തല്‍.പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കാര്യം ഡിഎംആര്‍സി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ചാണ് ഡിഎംആര്‍സിയെ തന്നെ ദൗത്യം ഏല്‍പിച്ചത്. പാലത്തിന്റെ തകരാര്‍ കാരണം നഷ്ടമായ തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.