മറയൂർ:തക്കാളിക്ക് വിലയിടിയുന്നു.അതിർത്തിക്കപ്പുറം തക്കാളിയുടെ വില രണ്ടു രൂപയിലേക്ക് താഴ്ന്നു.ബുധനാഴ്ച ഉടുമലൈ ചന്തയിൽ 14 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് 30 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്.ഇതോടെ കർഷകർ തക്കാളി വിളവെടുക്കാതെ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിക്കുകയാണ്. തക്കാളിയുടെ വിളവെടുപ്പ് കൂലിയും ചന്തയിൽ എത്തിക്കാനുള്ള കൂലിയും കർഷകർക്ക് ലഭിക്കുന്നില്ല.ചന്തയിലെത്തിക്കുന്നതിന് ഒരു പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെ ചിലവ് വരും.ഉടുമലൈ,പഴനി മേഖലകളിലുള്ള നിരവധി ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്റ്ററുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ എത്താതിരുന്നതും വിലകുറയാൻ കാരണമായതായി കർഷകർ പറയുന്നു.എന്നാൽ അതിർത്തിക്കിപ്പുറം തക്കാളിയെത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്നും കിലോക്ക് 10 മുതൽ 15 രൂപവരെയാണ് ഈടാക്കുന്നത്.