തൃശൂർ:അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നു.ഫോറൻസിക് വിഭാഗം മേധാവി ഡോ.ബാലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്.പതിനൊന്നു മണിയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്.പോലീസ് സാന്നിധ്യത്തിന് പുറമെ പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ പൂർണ്ണമായും ക്യാമറയിൽ പകർത്തുന്നുണ്ട്.മധുവിനേറ്റ മർദ്ദനത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മനസ്സിലാകും.മന്ത്രിമാരായ കെ.കെ ഷൈലജയും എ.കെ ബാലനും മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കടക്കുന്നതിനുള്ള അവകാശം.അത് മറികടന്ന് കാട്ടിലെത്തി മധുവിനെ മർദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നിട്ടുണ്ട്.മെഡിക്കൽ കോളേജിൽ സംഘർഷ സാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.