
ശ്രീകണ്ഠപുരം:പയ്യാവൂർ പാറക്കടവിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തോണിപ്പാറയിൽ ബാബുവിന്‍റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പോലീസ് സർജൻ പി.ഗോപാലകൃഷ്ണപിള്ള ഇന്നു രാവിലെ ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന് കൈമാറി.ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.കഴുത്തിൽ മുറിവേറ്റതിന്‍റെ പാടുമുണ്ട്. നാവ് കടിച്ച നിലയിൽ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ ജാൻസിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.