കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറക്കാന്‍ വൈകിയേക്കുമെന്ന് സൂചന. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്.എന്നാൽ വെള്ളമിറങ്ങാന്‍ വൈകുകയും മഴ തുടരുകയും ചെയ്താല്‍ വിമാനത്താവളം തുറക്കുന്നതു കൂടുതല്‍ നീളാനാണു സാധ്യത. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് സൂചന.റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതായി സിയാല്‍ അറിയിച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്.കനത്ത മഴ തുടരുന്നതിനാലും പരിസരപ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും റണ്‍വേയിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാന്‍ പറ്റാത്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത്.