Kerala, News

മോട്ടോര്‍ വാഹന നിയമം; സംസ്ഥാനത്ത് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള കരട് വിജ്ഞാപനം തയ്യാറായി

keralanews the notification for reducing the fine in the state was prepared new motor vehicle act

തിരുവനന്തപുരം:പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനത്ത് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള കരട് വിജ്ഞാപനം തയ്യാറായി. ഇരുപതോളം വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ശുപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റ അനുമതി ലഭിച്ചാല്‍ അന്തിമ വിജ്‍ഞാപനം പുറത്തിറക്കും.ഗതാഗതമന്ത്രിയും നിയമമന്ത്രിയും ചര്‍ച്ച ചെയ്തശേഷം കരട് വിജ്ഞാപനം മുഖ്യമന്ത്രിക്ക് കൈമാറും.ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ പിഴ ആയിരത്തില്‍ നിന്ന് അഞ്ഞൂറാക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ അയ്യായിരത്തില്‍ നിന്ന് ബൈക്കിന് 1000 വും കാറിന് 2000 വും ആയി കുറച്ചേക്കും. പെര്‍മിറ്റ് ലംഘനത്തിന് എല്ലാവാഹനങ്ങള്‍ക്കും പതിനായിരം രൂപയാണ് പിഴ. എന്നാല്‍, ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങളുടെ പിഴത്തുകയില്‍ കുറവ് വരുത്തും. അമിതഭാരത്തിന്റ പിഴത്തുകയിലും ഇളവ് നല്‍കും.പരമാവധി തുക നിശ്ചയിച്ചിട്ടുള്ള ഏഴ് വകുപ്പുകള്‍ക്ക് പുറമെ മറ്റ് പതിമൂന്ന് വകുപ്പുകളില്‍ കൂടി പിഴത്തുക കുറയ്ക്കാനാണ് കരടിലെ നിര്‍ദേശം. എന്നാല്‍ ചില വകുപ്പുകളില്‍ ഒറ്റ തവണ മാത്രമേ പിഴത്തുക കുറയൂ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, അന്തരീക്ഷ മലിനീകരണം, ശാരീരിക ആസ്വാസ്ഥ്യം ഉള്ളപ്പോള്‍ വാഹനം ഓടിക്കുക തുടങ്ങിയ വകുപ്പുകളില്‍ പിഴത്തുകയില്‍ ഇളവ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, മദ്യപിച്ചും അമിതവേഗത്തിലും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന ഡ്രൈവിങ് ഉള്‍പ്പടെയുള്ള കേസുകളില്‍ പിഴത്തുക കുറയ്ക്കേണ്ടെന്നാണ് കരടിലെ നിര്‍ദേശം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ അനുമതിയോടെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ കഴിയൂ.

Previous ArticleNext Article