കല്‍പ്പറ്റ: വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയെന്ന വാർത്ത വ്യാജമെന്ന് മാവോയിസ്റ്റുകൾ.ഈ സംഭവം പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ലഭിച്ച കത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. തൊഴിലാളികളെ ബന്ദികളാക്കുന്നത് തങ്ങളുടെ നയമല്ലെന്ന് തപാല്‍ വഴി വന്ന കുറിപ്പില്‍ പറയുന്നു.പതിവ് ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. തൊഴിലാളികളോട് അവരുടെ പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. മാവോയിസ്റ്റുകള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ ബദല്‍ വിവരിച്ചുകൊടുത്തു. ഈ സമയം നിസ്‌കരിക്കാന്‍ പുറത്തുപോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോര്‍ട്ടിലെത്തി തങ്ങള്‍ വന്ന വിവരം അറിയിക്കുകയായിന്നു. മറ്റു രണ്ടുപേരും പിരിയുന്നത് വരെ തങ്ങളോടൊപ്പമായിരുന്നു. ഈ സംഭവമാണ് ബന്ദിയാക്കി എന്ന് പ്രചരിപ്പിച്ചതെന്ന് കുറിപ്പില്‍ വിശദമാക്കുന്നു.രാത്രി ഒമ്ബതു മണിവരെ തങ്ങള്‍ അവിടെയുണ്ടായിരുന്നു. തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവിടെ നിന്ന് മടങ്ങുകയായിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനത്തെ മോശമാക്കി ചിത്രീകരിച്ച് ജനങ്ങളില്‍ നിന്ന് മാവോയിസ്റ്റുകളെ അകറ്റാനാണ് പോലീസ് വ്യാജ കഥ പ്രചരിപ്പിച്ചതെന്നും കുറിപ്പില്‍ പറയുന്നു. മാവോയിസ്റ്റ് പശ്ചിമഘട്ടം വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ്. ഇത് വാര്‍ത്തയാക്കണമെന്ന് മാവോയിസ്റ്റുകള്‍ അഭ്യര്‍ഥിച്ചു.