
കൊല്ലം:പത്തനാപുരത്ത് അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചയാളെ പിടികൂടി.ഇന്ന് രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് സംഭവം.രമേശ് ഭവനിൽ രമേശ്-രമ്യ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി സ്വരലയയെ ആണ് അമ്മയുടെ ഒക്കത്തു നിന്നും പിടിച്ചുപറിച്ചുകൊണ്ട് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു.ചെംബ്രമണ്ണിലെ വീട്ടിൽ നിന്നും ഭർത്താവ് രമേശിന് ജോലിസ്ഥലത്തേക്ക് ചോറുമായി പോകുമ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പാറശാല സ്വദേശി ദാസിനെ (65) ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.സംഭവം നടന്ന സ്ഥലത്തിന് സമീപത്തായി ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. ഇയാളെ കഴിഞ്ഞ ദിവസവും ഇവിടെ സംശയാസ്പദമായ രീതിയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.ഇയാൾക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമുണ്ടോ എന്നറിയാനായി കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.