കണ്ണൂർ:ജില്ലയിലെ പാചകവാതക തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. കളക്റ്ററുടെ സാന്നിധ്യത്തിൽ ഏജൻസി ഉടമകളും തൊഴിലാളി യൂണിയനുകളും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.തൊഴിലാളികൾക്ക് പരിധിയില്ലാതെ മൊത്ത ശമ്പളത്തിന്റെ 15.65 ശതമാനം ബോണസ് നല്കാൻ ധാരണയായതിനെ തുടർന്നാണ് സമരം ഒത്തുതീർന്നത്. മുടങ്ങിപ്പോയ പാചകവാതക വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും.ഇരുപതു ശതമാനം ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. എന്നാൽ ബോണസ് നിയമപ്രകാരമുള്ള 7000 രൂപ പരിധി നിശ്ചയിച്ച് 14.5 ശതമാനം നൽകാമെന്നായിരുന്നു ഉടമകളുടെ നിലപാട്.രണ്ടു വിഭാഗവും തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടർന്ന് നേരത്തെ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.പിന്നീട് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്റ്റർ പ്രശ്നത്തിൽ ശക്തമായി ഇടപെടുകയായിരുന്നു. മൊത്തം ശമ്പളത്തിന്റെ 15.65 ശതമാനം എന്ന നിർദേശം മുന്നോട്ട് വെച്ചത് കളക്റ്ററായിരുന്നു.ഇത് ഉടമകൾ അംഗീകരിച്ചു.ബോണസിനു പരിധി നിശ്ചയിക്കരുത് എന്ന തൊഴിലാളികളുടെ ആവശ്യം കൂടി അംഗീകരിച്ചതോടെ സമരം ഒത്തുതീർന്നു.കഴിഞ്ഞ വർഷം 16.5 ശതമാനം ബോണസായിരുന്നു നൽകിയത്.ഒരു ശതമാനത്തോളം കുറവ് ഇത്തവണ ഉണ്ടായെങ്കിലും തുകയിൽ കുറവ് വരുത്തിയില്ല.കഴിഞ്ഞ വർഷത്തേക്കാൾ ശമ്പളത്തിൽ വർധന ഉണ്ടായതിനാലാണിത്.
Kerala
ജില്ലയിലെ പാചകവാതക സമരം ഒത്തുതീർന്നു
Previous Articleസൗദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്കുളള നിരോധനം പിന്‍വലിച്ചു