കാസർകോഡ്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അൻപതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.അൻപതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്.പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തു തീർക്കാനും യോഗത്തിൽ തീരുമാനമായി.പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്.മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളും ബി.പി.എല്‍. പട്ടികയില്‍ നിന്നും പുറത്തുപോയിരുന്നു.ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിനായി ആരംഭിച്ച ബഡ്‌സ് സ്കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ബഡ്സ് സ്കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെസഹായം സ്വീകരിക്കാനും തീരുമാനിച്ചു.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, കാസര്‍ഗോഡ് കളക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
Kerala, News
എൻഡോസൾഫാൻ ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളും
Previous Articleഅടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കി