ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.കോഴിക്കോട്ടുനിന്ന് ഗുരുവായൂര്‍ വഴി നെടുമ്ബാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസിന്റെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) ആണ് പിടിയിലായത്. തിരക്കുള്ള റോഡിലൂടെ ഇയാൾ മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതും മുന്നിലെ വാഹനങ്ങളെ മറികടക്കുന്നതും യാത്രക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആര്‍.ടി.ഒ.യ്ക്ക് അയച്ചുകൊടുത്തതിനെത്തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ദിവസം കൂനംമൂച്ചിയില്‍ വെച്ചായിരുന്നു സംഭവം.ഗുരുവായൂരിലെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് യാത്രക്കാരന്‍ സംഭവം വാട്‌സ് ആപ്പ് ചെയ്തുകൊടുത്തത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനിലെത്തി ഡ്രൈവറെ വിളിച്ചുവരുത്തി. താന്‍ മൊബൈലില്‍ സംസാരിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും വീഡിയോ തെളിവായിരുന്നു. ഗുരുവായൂര്‍ ആര്‍.ടി.ഒ. ഷാജിയാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. റോഡിലെ നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നത് ചിത്രമെടുത്ത് പൊതുജനങ്ങള്‍ക്ക് വാട്‌സ് ആപ്പ് അയയ്ക്കാമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. വാട്‌സ് ആപ്പ് നമ്പർ: 8547639185