കണ്ണൂർ:ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം നടത്തിയ വാഹനപരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ പത്തു പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നോട്ടീസ് നൽകിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. രൂപമാറ്റം വരുത്തിയ 20 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യാനായി കാരണംകാണിക്കൽ നോട്ടീസും നൽകിയതായി ആർടിഒ പറഞ്ഞു.അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ, തീവ്രതയേറിയ പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ പിടിപ്പിച്ച് സർവീസ് നടത്തിയ 15ഓട്ടോറിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ചു. പിഴ ഇനത്തിൽ 70,000 രൂപ ഈടാക്കി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആർടിഒ അറിയിച്ചു.