കണ്ണൂർ:ജില്ലാ ആശുപത്രിയിലെ ലേബർ റൂം ജനുവരിയോടെ ‘ലക്ഷ്യ’ പദ്ധതി പ്രകാരമുള്ള നിലവാരത്തിലേക്ക് ഉയർത്തും.ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ലേബർ റൂം,പ്രസവ ശുശ്രൂഷ,പരിചരണം തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ആരോഗ്യദൗത്യ പദ്ധതിയാണ് ‘ലക്ഷ്യ’.3.25 കോടിയുടെ പദ്ധതികളാണ് ലക്ഷ്യയുടെ ഭാഗമായി ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്.ദേശീയ നിലവാരമനുസരിച്ചുള്ള എൺപതു ശതമാനം സൗകര്യങ്ങളും നിലവിൽ ആശുപത്രിയിൽ ഉണ്ട്.ബാക്കി സൗകര്യങ്ങൾ ഉടൻ സജ്ജീകരിക്കാൻ കഴിയുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ രാജീവൻ പറഞ്ഞു.ഇതിന്റെ ഭാഗമായി തുടങ്ങേണ്ട പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.ജില്ലാ ആശുപത്രി മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ ഡിസംബറോടെ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി ടി.ബി വാർഡ് മാറ്റുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.രക്തബാങ്ക് മാറ്റുന്നതിനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്.ഇത് നവംബറിൽ പൂർത്തിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,കലക്റ്റർ മിർ മുഹമ്മദലി,മന്ത്രയുടെ പ്രൈവറ്റ് സെക്രെട്ടറി പി.സന്തോഷ്,ഡിഎംഒ കെ.നാരായണ നായിക്,ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജർ ഡോ.കെ.വി ലതീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.