Kerala, News

കൂടത്തായി കൊലപാതക കേസിൽ പരാതിക്കാരനായ റോജോയുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും;കേസ് പിൻവലിക്കാൻ ജോളി സമ്മർദം ചെലുത്തിയിരുന്നതായി റോജോ

keralanews the investigation team will continue to take statement from rojo today

കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ പരാതിക്കാരനായ റോജോയുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും.കഴിഞ്ഞ ദിവസവും റോജോയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ റോജോ പൊലീസിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോളിയെ കുറിച്ച്‌ സംശയമുണ്ടായിരുന്നെന്ന് റോജോ പൊലീസിന് മൊഴി നല്‍കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു.വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നെന്നും റോജോ പറഞ്ഞു.കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല.ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്.നാട്ടില്‍ ലീവിനു വരുമ്ബോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ല. ഭാര്യാവീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മാക്കള്‍ക്കും നീതി കിട്ടണം. പരാതി കൊടുത്താല്‍ തിരികെ വരാനാകുമോ എന്ന പേടി ഉണ്ടായിരുന്നു.അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി.സൈമണില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും റോജോ പറഞ്ഞു.

Previous ArticleNext Article