കണ്ണൂർ:ജില്ലയിൽ ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇതോടെ ചെങ്കൽ മേഖല പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.സമരത്തിന്റെ ഭാഗമായി ക്വാറി ഉടമകൾ കളക്റ്ററേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സമരം തുടരുന്നതോടെ മേഖലയെ ആശ്രയിച്ച് കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.ചെങ്കൽ ക്വാറികൾക്കെതിരെ ജിയോളജി വകുപ്പും ഇതുമായി ബന്ധപ്പെട്ട വിവിധ അധികൃതരും സ്വീകരിക്കുന്ന കർശന നിലപാടിൽ പ്രതിഷേധിച്ചാണ് ചെങ്കൽ ക്വാറി അസോസിയേഷൻ അനിശ്ചിതകാല സമരം നടത്തുന്നത്.ജില്ലയിൽ ഏകദേശം അറുനൂറിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒട്ടുമിക്കതും പ്രളയത്തിന് ശേഷം പ്രവർത്തിക്കുന്നുമില്ല.ഇതിനെ ആശ്രയിച്ചു കഴിയുന്ന ലോഡിങ് തൊഴിലാളികളടക്കം നിരവധിപേർ തൊഴിലില്ലായ്മ പ്രതിസന്ധിയിലാണ്.ചെങ്കൽ ഇല്ലാത്തതിനാൽ നിർമാണ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പരിസ്ഥിതി പ്രശ്നങ്ങളും പ്രളയ പശ്ചാത്തലവും കണക്കിലെടുത്താണ് ജിയോളജി വകുപ്പും മറ്റ് ബന്ധപ്പെട്ട വയ്പ്പുകളും ചെങ്കൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.മലയോര മേഖലയിൽ മലപ്പട്ടം, പെരുവളത്തുപറമ്പ്,ചേപ്പറമ്പ്,കുറുമാത്തൂർ,ഊരത്തൂർ, കല്യാട്,പടിയൂർ എന്നിവിടങ്ങളിലാണ് ചെങ്കൽ ക്വാറികൾ കൂടുതലായും പ്രവർത്തിക്കുന്നത്.