Kerala, News

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു;തീരുമാനം ശമ്പള വർദ്ധനവിനെ തുടർന്ന്

keralanews the indefinite strike of nurses in private hospitals withdrawn

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ശമ്പള പരിഷ്‌ക്കരണ ഉത്തരവിനെ തുടർന്നാണ് തീരുമാനം.ചൊവ്വാഴ്ച ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നഴ്സുമാർ നടത്താനിരുന്ന ലോങ്ങ് മാർച്ചും പിൻവലിച്ചു.പുതിയ ഉത്തരവനുസരിച്ച് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയിൽ നിന്നും 20000 രൂപയാക്കി.ശമ്ബളവര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുൻകാല പ്രാബല്യം നല്‍കിയിട്ടുണ്ട്.100 കിടക്കകൾ വരെ ഉള്ള ആശുപത്രികളിലാണ് അടിസ്ഥാന ശബളം 20000 രൂപയാക്കി ഉയർത്തിയത്.101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 22000 രൂപയാണ്.301 മുതൽ 500 വരെ 24000 രൂപ,501 മുതൽ 700 വരെ 26000 രൂപ,701 മുതൽ 800 വരെ 28000 രൂപ,800 നു മുകളിൽ 30000 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനോടൊപ്പം അമ്പതു ശതമാനം വരെ അധിക അലവൻസും കിട്ടും.ആശുപത്രികളിലെ മറ്റു ജീവനക്കാർക്ക് 16000 രൂപ മുതൽ 2209 വരെയാണ് അടിസ്ഥാന ശമ്പളം.ഏതായാലും ശമ്ബളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും. പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റേയും വര്‍ധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയത്.സമരം പിന്‍വലിച്ചെങ്കിലും നഴ്സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെ തീരുമാനം. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article