കോട്ടയം ക്യാന്‍സറില്ലാതെ കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയയാകേണ്ടി വന്ന സംഭവത്തിൽ യുവതിയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്കാണ് സ്വകാര്യലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി ചെയ്തത്. സർക്കാർ സഹായം ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മാറിടത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലും നല്‍കി.ഒരാഴ്ചയ്ക്കുള്ളില്‍ രജനിക്ക് അര്‍ബുദമാണെന്ന സ്വകാര്യലാബ് റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ക്യാൻസറിനുള്ള കീമോതെറാപ്പി ചികിത്സ തുടങ്ങുകയായിരുന്നു.ആദ്യ കീമോ തെറാപ്പിക്കുശേഷമാണ് മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത്.ഇതില്‍ അര്‍ബുദമില്ലെന്നായിരുന്നു കണ്ടെത്തല്‍.വീഴ്ച ബോധ്യപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്‍കിയ സാമ്പിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും അര്‍ബുദം കണ്ടെത്താനായില്ല.തുടർന്ന് സാമ്പിളുകൾ തിരുവനന്തപുരം ആർസിസിയിൽ അയച്ചു.അവിടുത്തെ പരിശോധനയിൽ രജനിക്ക് ക്യാൻസർ ഇല്ലെന്ന് സ്ഥിതീകരിച്ചു.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കുകയായിരുന്നു.