കോഴിക്കോട്:നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് മുക്കം പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിഷാദ് വി മുഹമ്മദ് എന്ന അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഐടി പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്തെടുത്തത്. താന്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ചെയ്തത് എന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ ഇത് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക തന്നെ തള്ളിക്കളഞ്ഞിരുന്നു.
ഇത്തവണ ആകെ 175 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 173 പേരും സ്‌കൂളില്‍ നിന്ന് വിജയിച്ചിരുന്നു. 22 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിച്ചു. സയന്‍സില്‍ നിന്ന് 17 പേരും കൊമേഴ്സില്‍ നിന്ന് അഞ്ച് പേരും. കൂടാതെ 12 കുട്ടികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു. 2014- 15 വര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിടത്ത് നിന്നാണ് നാല് വര്‍ഷം കൊണ്ട് വലിയ നേട്ടത്തിലേക്ക് സ്‌കൂള്‍ എത്തിയത്. സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.